Friday, March 1, 2013

കശാപ്പുശാല



കശാപ്പുശാല

കുരുന്നുമനസ്സിൽ കിനാവു കാട്ടി
കുരുക്കിടുന്നീ പുതുയൗവ്വനത്തെ
തിരിവെളിച്ചത്തിലീയാമ്പാറ്റപോലെ
കരിച്ചിടുന്നൂ രക്തബന്ധങ്ങളേയും

തിളയ്ക്കുന്ന ചോരയുള്ളവിവേകിയെ
വളർത്തിയ കൈപോലുമറിഞ്ഞിടാതെ
തിളങ്ങുന്നൊരു കാഞ്ചന കൂട്ടിലാക്കി
തളയ്ക്കുന്നതാദർശ പൊയ്മുഖങ്ങ

ഏതോ കിനാക്കൾതൻ തേരിലേറി
പാതയൊരുക്കുമീ കോമരങ്ങൾ
പിറന്നോരു മണ്ണിനെ കശാപ്പുശാലയാക്കി
അരിഞ്ഞിടുന്നൂ കൂടെപ്പിറപ്പുകളെ

കൊയ്യുന്നു തലകൾ വിളകളായീ
കയ്യുകൾ യന്ത്രങ്ങളായിടുന്നു
ചോരപ്പുഴകൾ പെയ്തൊഴുകിടുന്നു
തീർക്കുന്നതജ്ഞാത ശക്തിതൻ കാമന

ചെയ്തു കൂട്ടുന്നതെന്തെന്നറിഞ്ഞിടാതെ
പെയ്തിറങ്ങീ നിഗൂഡമാമ്പൊയ്കയിൽ
ഏറിടുവാൻ വഴിയൊന്നുമേ തെളിയാതെ
ചേറ്റിലാഴുന്നൊരീ പാപിതൻ കാലുകൾ

കറപുരളുന്നൊരീ പാപിതൻ ജീവിതം
ഇരുളടയുന്നൂ, ശ്വാസം മുട്ടിടുമ്പോൾ
കരകയറ്റീടുവാൻ കാണ്മതില്ലാരുമേ
അറിയുന്നു പിണഞ്ഞോരബദ്ധങ്ങളും

മരണവും കൈവിട്ടകന്നിടുന്നു
കരളൊരു കല്ലാക്കി തീർത്തല്ലേ
പരലോകം പൂകാനും വേണമിന്ന്
പരസഹായം ഇതെത്ര കഷ്ടം.

- കലാവല്ലഭൻ
………………………

22 comments:

Kalavallabhan said...

കഴിഞ്ഞ മാസത്തെ കവിത (പൂർണ്ണേന്ദുമുഖി) വായിച്ചും അഭിപ്രായം അറിയിച്ചും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കളെയും എന്റെ നന്ദി അറിയിക്കുന്നു.
പൂർണ്ണേന്ദുമുഖിയുടേ ഓഡിയോ താമസിച്ചണെങ്കിലും ഇട്ടിട്ടുണ്ടായിരുന്നു.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഏതോ കിനാക്കൾതൻ തേരിലേറി......

അതേ.....ഏതോ കിനാക്കൾ സഫലമാകും എന്നുകരുതി കുരുതിക്കളം തീര്‍ക്കുകയാണ് ആദര്‍ശപൊയ്മുഖങ്ങള്‍

Kalavallabhan said...

അമൃതംഗമയ :
അതെ.
ആദ്യ അഭിപ്രായത്തിനു നന്ദി.

വീകെ said...

കവിത ആയതുകൊണ്ട് അഭിപ്രായം പറയാൻ ഞാൻ ആളല്ല. തൽക്കാലം ആശംസകൾ മാത്രം.

പട്ടേപ്പാടം റാംജി said...

പിറന്നോരു മണ്ണിനെ കശാപ്പുശാലയാക്കി
അരിഞ്ഞിടുന്നൂ കൂടെപ്പിറപ്പുകളെ

ക്രൂരതയിലെ ക്രൂരത ഒലിച്ചുപോയിരിക്കുന്നു!
നല്ല വരികള്‍

Cv Thankappan said...

സത്യം വിളിച്ചോതുന്ന വരികള്‍
മോഹവലയത്തില്‍ അകപ്പെട്ടാല്‍ ചിലന്തിവലയില്‍ കുടുങ്ങിയ ചെറുപ്രാണികളുടെ നിസ്സഹായവസ്ഥ!
നന്നായിരിക്കുന്നു കവിത
ആശംസകള്‍

സൗഗന്ധികം said...

കൊയ്യുന്നു തലകൾ വിളകളായീ
കയ്യുകൾ യന്ത്രങ്ങളായിടുന്നു
ചോരപ്പുഴകൾ പെയ്തൊഴുകിടുന്നു
തീർക്കുന്നതജ്ഞാത ശക്തിതൻ കാമന

ഓ... ഇന്നിപ്പൊ അഞ്ജാതവാസമൊന്നുമില്ല.എല്ലാം ഓപ്പണായിട്ടല്ലേ..?

അതുമൊരു ക്രെഡിറ്റല്ലേയിപ്പോൾ..

കവിത അസ്സലായി.


ശുഭാശംസകൾ...

ഷാജി നായരമ്പലം said...

ഇതു ശ്ലോകമല്ലീരടിക്കുവേണ്ടും
നിയതമാം വൃത്തം വരുന്നുമില്ല
വരികളില്‍ മെല്ലെത്തലോടിടുമ്പോള്‍
തടയുന്നതൊക്കെയും മാറ്റി നോക്കൂ...

AnuRaj.Ks said...

കൊടുത്ത കൈയ്ക്ക് തിരിഞ്ഞു കൊത്തുന്ന ലോകം....

Mohammed Kutty.N said...

വരികളിലെ ധാര്‍മ്മിക രോഷം കവിതയായി പ്രകാശം ചൊരിയുന്നു -അന്ധകാരങ്ങള്‍ നീങ്ങി നല്ല നാളുകള്‍ പിറക്കട്ടെ.ആശംസകള്‍ !

Muralee Mukundan , ബിലാത്തിപട്ടണം said...

തീർക്കുന്നതജ്ഞാത ശക്തിതൻ കാമന
ചെയ്തു കൂട്ടുന്നതെന്തെന്നറിഞ്ഞിടാതെ
പെയ്തിറങ്ങീ നിഗൂഡമാമ്പൊയ്കയിൽ
ഏറിടുവാൻ വഴിയൊന്നുമേ തെളിയാതെ
ചേറ്റിലാഴുന്നൊരീ പാപിതൻ കാലുകൾ


അതെ പാപം ചെയ്താലും ഒട്ടും പാശ്ചാത്താപമില്ലാത്തവരായി മാറിയിരിക്കുകയാണല്ലോ ഈ കശാപ്പ്ശാലയിലുള്ളവരെല്ലാം...അല്ലേ ഭായ്

Kalavallabhan said...

@ ഷാജി നായരമ്പലം :

ഇരുകാലിയല്ലിതു നാൽക്കാലിയാൽ
തിരിയുന്ന ചക്രമുള്ളതിലൊന്നു കെട്ടി
ചൊല്ലിത്തെളിച്ചു കൊണ്ടുവന്നിടുന്നു
ഇല്ലായ്മകളറിയുന്നൊരു പാമരനാൽ

Kalavallabhan said...

വീ കെ :
കവിതയുടെ നിയമാവലികളിലേക്കിറങ്ങാതെ ഒരാസ്വാദകന്റെ ഭാഷയിൽ എന്തെങ്കിലും പറയാവുന്നതേയുള്ളു.
ഏതായാലും ആശംസകൾക്കു നന്ദി.

പട്ടപ്പാടം റാംജി :
ശരിയല്ലേ ? പിറന്ന മണ്ണിനെ കൂടെപ്പിറപ്പുകളെ അരിയുന്ന കശാപ്പുശാലകളാക്കുകയല്ലേ ?
അഭിപ്രായത്തിനു നന്ദി.

സി വി തങ്കപ്പൻ :
അതെയതെ, ഇവിടെ പ്രാണിയും ചിലന്തിയും വലയിലാകുകല്ലേ ?
അഭിപ്രായത്തിനു നന്ദി.

സൗഗന്ധികം :
ശരിയാണ്‌. ഇതൊക്കെയും തൊപ്പിയിലെ തൂവലാക്കുന്ന ഈ നാടിന്റെ പോക്ക്‌ എങ്ങോട്ടാണെന്നു മാത്രമറിയില്ല.
അഭിപ്രായത്തിനു നന്ദി.

drpmalankot said...

മരണവും കൈവിട്ടകന്നിടുന്നു

കരളൊരു കല്ലാക്കി തീർത്തതല്ലേ

പരലോകം പൂകാനും വേണമിന്ന്

പരസഹായം ഇതെത്ര കഷ്ടം.

അതെ, കഷ്ടമേ കഷ്ടം.
നല്ല വരികള്‍. ഭാവുകങ്ങള്‍.

Kalavallabhan said...


@ അനു രാജ്‌ :
അതെ. അഭിപ്രായത്തിനു നന്ദി.

@ മുഹമ്മദ്‌ കുട്ടി ഇരിമ്പിലിയം :
അങ്ങനെ പ്രതീക്ഷിക്കാം. നന്ദി.

@ ബിലാത്തിപ്പട്ടണം മുരളീ മുകുന്ദൻ :
അവസാന നാളുകളിൽ പശ്ചാത്തപിക്കുന്നുണ്ടാവാം. ഏറെക്കുറെ എന്റെ എല്ലാ കവിതകളും വായിച്ച്‌ അഭിപ്രായം അറിയിക്കുന്ന താങ്കളോട്‌ എനിക്ക്‌ വളരെയധികം നന്ദിയുണ്ട്‌.

Rajeev Elanthoor said...

നന്നായിരിക്കുന്നു മാഷെ.. ആശംസകള്‍

RAGHU MENON said...

"പരലോകം പൂകാനും വേണമിന്ന്
പരസഹായം ഇതെത്ര കഷ്ടം."
കലികാലവൈഭവം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത കണ്ടെത്താന്‍ വൈകി.നന്മ പ്രകാശിപ്പിക്കുന്ന നല്ല വരികള്‍ ..
ആശംസകള്‍

Dhanesh... said...

തിന്മകള്‍ വാഴുന്ന സമൂഹം കണ്ണ് തുറക്കുമോ ?

നല്ല വരികള്‍ !

ജയിംസ് സണ്ണി പാറ്റൂർ said...

ശരിയാണു വല്ലഭയുലകിലെ
ജീവിതമിതു മായലീലകളല്ലോ

തുമ്പി said...

തിളക്കുന്ന ചോരയില്‍ , രക്തബന്ധങ്ങളെ മറക്കുന്നവര്‍ , തീര്‍ച്ചയായും ശ്വാസം മുട്ടി പിടയുമ്പോള്‍ ഒരിറ്റ് ആശ്വാസത്തിനായി കേഴണം.

T.R.GEORGE said...

കഴിഞ്ഞ കാലത്തേക്കാൾ ഭേദം ഈ കാലമെന്നു പറയാമെങ്കിലും ഈ കാലത്തിനുമുണ്ടല്ലോ അതിന്റേതായ കുഴപ്പം.ആ കുഴപ്പത്തോട് വേപഥു കൊള്ളുന്ന ഭാവതലം വാക്കുകളുടെ സൂക്ഷമതക്കപ്പുറം വേറിട്ടു നിൽക്കുന്നു.അതിനെന്റെ ആശംസകൾ